തൃശ്ശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ ടി.പി. വധക്കേസിലെ പ്രതികൾക്ക് ജയിൽ ഉദ്യോഗസ്ഥരിൽ നിന്നും മർദ്ദനമേറ്റു എന്ന ആരോപണം നിലനിൽക്കെ, അവരെ സന്ദർശിക്കുവാൻ സി.പി.എം.പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻറെ നേതൃത്വത്തിൽ സി.പി.എം നേതാക്കൾ ജയിലിലെത്തി.

ഗ്വാണ്ടനാമൊ ജയിലിലെ പീഡനങ്ങൾക്ക് എതിരെ വരെ പ്രതിഷേധിച്ച പാർട്ടിയാണ്  സി.പി.എം. എന്നുംം, പാർട്ടിയുടെ നിർദ്ദേശ പ്രകാരമാണ് തങ്ങൾ പ്രതികളെ സന്ദർശിച്ചതെന്നും വ്യക്തമാക്കിയ കോടിയേരി, ജയിൽ മർദ്ദനം സംബന്ധിച്ച് ജ്യുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.

സി,പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ തൃശ്ശൂർ ജില്ലാ സെക്രട്ടറി എ.സി.മൊയ്ദീൻ എം.എൽ.എമാരായ ബാബു എം. പാലിശ്ശേരി ബി.ഡി.ദേവസി സി.രവീന്ദ്രനാഥ് എന്നിവരും കോടിയേരിക്ക് ഒപ്പമുണ്ടായിരുന്നു. രാവിലെ 10.45-ന് വിയ്യുരിലെത്തിയ സംഘം 12 മണിയോടെ മടങ്ങി. ഡപ്യുട്ടി ജയിലറുടെ മുറിയിൽ വച്ചാണ് സംഘം പ്രതികളെ കണ്ടത്. മർദ്ദനത്തിൻറെ വിഷമതകൾ പ്രതികൾ വിവരിച്ചതായി കോടിയേരി പറഞ്ഞു. ഒപ്പം ശരീരത്തിലുണ്ടായ പാടുകൾ കാണിക്കുകയും ചെയ്തു.

എന്നാൽ പല തരത്തിലുള്ള സമ്മർദ്ദങ്ങൾ ഉയർത്തുന്നതിന് വേണ്ടിയാണ് സി.പി.എം. നേതാക്കളുടെ ജയിൽ സന്ദർശനവും ആരോപണങ്ങളും എന്ന് വിമർശനമുണ്ട്.  ജയിലിൽ പ്രതികൾക്ക് പൂർണ്ണസ്വാതന്ത്ര്യം ലഭിക്കുക എന്നതാണ് നേതാക്കളുടെ ഉദ്ദേശ്യം.

പ്രതികളെ കണ്ണൂർ ജയിലിലേക്ക് തിരികെ കൊണ്ടുപോവുക ബുദ്ധിമുട്ടാണെങ്കിലും, തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റാൻ കഴിയുമൊ എന്നാണു പാർട്ടി നോക്കുന്നതെന്ന് ആരോപണമുണ്ട്. പ്രതികളെ ഒറ്റക്കൊറ്റക്ക്  സെല്ലുകളിൽ പാർപ്പിക്കുന്നതിനെതിരെയും കോടിയേരി പ്രതികരിച്ചിരുന്നു.

 

 

BACK TO NEWS