കോഴിക്കോട്: ടിപി ചന്ദ്രശേഖരൻ വധക്കേസില്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ 12 പേർക്കുള്ള ശിക്ഷ വിധിച്ചു.  11 പ്രതികൾക്ക്  ജീവപര്യന്തം.

കൊലയാളി സംഘത്തിൽപ്പെട്ട ഒന്നുമുതല്‍ ഏഴ് വരെയുള്ള പ്രതികളായ ചെണ്ടയാട് മംഗലശേരി എം സി അനൂപ് (32), മാഹി മനോജ്കുമാര്‍ എന്ന കിർമ്മാണി മനോജ് (32), ചൊക്‌ളി എൻ കെ സുനിൽ കുമാര്‍  എന്ന കൊടി സുനി (32), പാട്യം തുക്കിടിയില്‍ ടി കെ രജീഷ് (35), പത്തായക്കുന്ന് പറമ്പത്ത് ഷാഫിയെന്ന മുഹമ്മദ് ഷാഫി (26), ചമ്പാട് അണ്ണന്‍ എന്ന സിജിത്ത് (23), പാട്യം കണ്ണാറ്റിങ്കല്‍ കെ ഷിനോജ് (32) എന്നിവര്‍ക്ക് ജീവപര്യന്തം  തടവും, 50,000 രൂപ വീതവും പിഴയും  വിധിച്ചു.

എട്ടാം പ്രതി സിപിഎം കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗം കോഴിക്കോട് ജയസുര വീട്ടിൽ കെ സി രാമചന്ദ്രൻ (52), പതിനൊന്നാം പ്രതി സിപിഎം കടുങ്ങോൻപോകയിൽ ബ്രാഞ്ച് സെക്രട്ടറി കണ്ണൂർ  വടക്കെയിൽ വീട്ടില്‍ മനോജ് എന്ന ട്രൗസർ മനോജ് (45), പതിമൂന്നാം പ്രതി സിപിഎം പാനൂർ ഏരിയാ കമ്മിറ്റി അംഗം പാനൂർ കണ്ണങ്ങോട് കുന്നോത്ത്പറമ്പ് പികെ കുഞ്ഞനന്തന്‍ (60), പതിനെട്ടാം പ്രതി മാഹി പള്ളൂര്‍ വലിയപുത്തലത്ത് വീട്ടില്‍ പി വി റഫീഖ് എന്ന വായപ്പടച്ചി റഫീഖ് (34). എന്നിവര്‍ക്ക് ജീവപര്യന്തം  തടവും,  1,00,000 രൂപ വീതവും പിഴയുമാണ്‌ വിധിച്ചത്.

കേസിലെ മുപ്പത്തിയൊന്നാം പ്രതി ലംബു പ്രദീപന് മൂന്നു വർഷം കഠിനതടവാണ് ശിക്ഷ.

എരഞ്ഞിപ്പാലത്തെ പ്രത്യേക അഡീഷണല്‍ സെഷൻസ്  കോടതി ജഡ്ജി ആര്‍ നാരായണപിഷാരടിയാണ് ശിക്ഷ വിധിച്ചത്.

ഒന്നുമുതല്‍ ഏഴ് വരെയുള്ള പ്രതികൾ കൊലയിൽ നേരിട്ട് പങ്കാളികളാണെന്നും ഇന്ത്യന്‍ ശിക്ഷാനിയമം 143, 147, 302, 149 വകുപ്പുകൾ പ്രകാരം അന്യായമായി സംഘം ചേരല്‍, ആയുധവുമായി സംഘം ചേരൽ, കൊലപാതകത്തിന് ആസൂത്രണം ചെയ്യല്‍, അതിനായി ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചെയ്തതായും കോടതി പറഞ്ഞു. 

2012 മെയ് നാലിന് രാത്രി പത്തേകാലിന് വടകരയ്ക്കടുത്ത് വള്ളിക്കാട്ട് വെച്ചാണ് ടിപി ചന്ദ്രശേഖരന്‍ ധാരുണമായി കൊല്ലപ്പെട്ടത്. ഈ കേസില്‍ ആകെയുണ്ടായിരുന്ന 76 പ്രതികളിൽ 22 പേരെ നേരത്തേ വിട്ടയച്ചിരുന്നു. തുടർന്ന്  വിചാരണ നേരിട്ട 36 പ്രതികളിൽ 24 പേരെ  ബുധനാഴ്ച കോടതി കുറ്റവിമുക്തരാക്കി.

 

 

BACK TO NEWS