കൊച്ചി: കഴിഞ്ഞ ആറു വർഷങ്ങൾക്കിടയിൽ കൊച്ചി നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി നടന്ന 'റിപ്പർ മോഡൽ' കൊലപാതകങ്ങളുടെ എണ്ണം 21. ഇരുളിൻറെ വിജനതയിൽ, തെരുവോരങ്ങളിലും കടത്തിണ്ണകളിലും മറ്റും അന്തിയുറങ്ങുന്നവരെ തിരഞ്ഞു പിടിച്ചു, ഭാരമുള്ള വസ്തുകൊണ്ട് തല യ്ക്കടിച്ചു കൊലപ്പെടുത്തുന്നു. ഇത്തരം കൊലപാതകങ്ങൾ 'റിപ്പർ മോഡൽ' എന്നാണ് അറിയപ്പെടുന്നത്.

എറണാകുളം ആസാദ് റോഡിൽ പരമേശ്വരൻ എന്ന ലോട്ടറി വിൽപ്പനക്കാരൻറെതാണ് ഇത്തരത്തിൽ ഏറ്റവും ഒടുവിൽ നടന്ന കൊലപാതകം. നോർത്ത് പോലിസ്  കേസെടുത്തു അന്വേഷണം ആരംഭിച്ചുവെങ്കിലും, കൊലപാതകിയെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല. സംഭവസ്ഥലത്ത് രക്തം കലർന്ന ഇഷ്ടികപ്പൊടി കണ്ടെത്തിയതിനെ തുടർന്ന്, ഇഷ്ടിക ഉപയോഗിച്ചായിരിക്കാം കൊലപാതകം നടത്തിയതെന്ന നിഗമനത്തിലാണ് പോലിസ്.

ഇത്തരം കൊലപാതകങ്ങളിൽ പൊതുവായി കണ്ടുവരുന്ന ചില പ്രത്യേകതകളുണ്ട്. കടത്തിണ്ണകളിലും മറ്റും അന്തിയുറങ്ങുന്നവരാണ് ഇരകൾ  ആക്കപ്പെടുന്നത്. കൃത്യമായ കാരണങ്ങളോ മുൻ പരിചയമോ വൈരാഗ്യമോ ഒന്നും ഇത്തരം കൊലപാതകങ്ങൾക്ക് പിന്നിൽ ഉണ്ടാവാറില്ല. തലയ്ക്കടിച്ചാണ്   കൊലപാതകം നടത്തുന്നത്. തലയോട്ടി തകർന്നു തലച്ചോർ പുറത്തുചാടി  രക്തം പരന്നൊഴുകി ഭീതി ഉണർത്തുന്ന അവസ്ഥയിലാണ് മൃതദേഹങ്ങൾ കണ്ടെത്താറുള്ളത്.

കുറ്റവാളിയുടെ മനോവൈകൃതം വ്യക്തമാക്കുന്ന രീതിയിലാണ് കൊലപാതകങ്ങളെങ്കിലും, തെളിവിൻറെ ഒരു കണികപോലും അവശേഷിപ്പിക്കാതിരിക്കാൻ ഇത്തരക്കാർ കാണിക്കുന്ന ജാഗ്രത, അവരുടെ ക്രിമിനൽ മനോഭാവത്തെയാണ് സൂചിപ്പിക്കുന്നത് .

കഴിഞ്ഞ ആറു വർഷങ്ങൾക്കിടയിൽ കൊച്ചിയിൽ നടന്ന 21 കൊലപാതകങ്ങളിൽ ചുരുക്കം ചില കേസുകളിൽ മാത്രമേ പ്രതികളെ പിടികൂടുവാൻ പോലീസിന്  കഴിഞ്ഞിട്ടുള്ളൂ . പാലാരിവട്ടം, ബ്രോഡ് വേ എന്നിവിടങ്ങളിൽ നടന്ന കൊലപാതകങ്ങളിലെ പ്രതി മനോരോഗി ആയിരുന്നു. 2003 ഒക്ടോബറിൽ വരാപ്പുഴ സഹകരണ ബാങ്കിന് സമീപം തമിഴ്നാട് മേട്ടുപ്പാളയം സ്വദേശി ശെൽവമണി തലയ്ക്കു അടിയേറ്റു മരിച്ച കേസിൽ അറസ്റ്റിലായ തമിഴ്നാട്  സ്വദേശി  സുബ്ബരാജിന് എതിരെയുള്ള കുറ്റം തെളിയിക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ല.

 

 

BACK TO NEWS