LEGATUS

  

ലാവ്‌ലിൻ കേസിൽ പിണറായി വിജയൻ ഉൾപ്പടെ 7 പേരെ കുറ്റവിമുക്തരാക്കിയ തിരുവനന്തപുരം സി.ബി.ഐ. കോടതിയുടെ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ, ഹൈക്കോടതിയിൽ റിവിഷൻ ഹർജി സമർപ്പിച്ചു.

കേരള സർക്കാരിനെ കബളിപ്പിച്ച് എസ്.എൻ.സി. ലാവ്‌ലിൻ കമ്പനിക്കു അവിഹിത നേട്ടമുണ്ടാക്കി നൽകാനുള്ള ഗൂഡാലോചനയിൽ പിണറായി വിജയൻ ഉൾപ്പടെ ഏഴു പേരുടെ പങ്ക് സി.ബി.ഐ. തെളിവ് സഹിതം വ്യക്തമാക്കിയതാണെങ്കിലും, അവ ശരിയായ രീതിയിൽ തിരുവനന്തപുരം സി.ബി.ഐ. കോടതി പരിശോധിച്ചില്ല എന്നാണു സി.ബി.ഐ. അഡിഷണൽ എസ്. പി. ഹൈക്കോടതിയിൽ സമർപ്പിച്ച റിവിഷൻ ഹർജിയിൽ പറയുന്നത്.

ലാവ്‌ലിൻ കരാർ മൂലം കേരളത്തിന് 374.50 കോടി രൂപ നഷ്ടപ്പെട്ടു എന്ന സി. എ. ജി. റിപ്പോർട്ടിന് സി.ബി.ഐ. കോടതി യാതൊരു പരിഗണയും നൽകിയില്ല എന്ന് ഹർജിയിൽ പറയുന്നു. ഔദ്യോഗിക പദവി ദുരുപയോഗവും അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റകൃത്യവും ശരിയായി വിലയിരുത്തിയില്ല.

മലബാർ ക്യാൻസർ സെൻററിനു 93.3 കോടി രൂപയുടെ സഹായവാഗ്ദാനം ഉൾപ്പെടുത്തിയത്, കരാർ പൊതുതാല്പര്യം മുൻനിർത്തിയാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമമായിരുന്നു. എന്നാൽ ക്യാൻസർ സെൻററിനുള്ള ധനസഹായം രേഖാമൂലം ഉറപ്പു വരുത്തുന്നതിൽ പിണറായി വിജയൻ ഉൾപ്പടെയുള്ളവർ ബോധപൂർവ്വം വീഴ്ച വരുത്തി. ലാവ്‌ലിൻ കരാറിലെ മുഖ്യ ഗൂഡാലോചന പിണറായി വിജയൻറെതായിരുന്നു. അതിനെ എതിർത്ത ചില ഉദ്യോഗസ്ഥരെ പിണറായി നിശബ്ദരാക്കി തീർത്തു.

സി.ബി.ഐ.യുടെ ഇത്തരം കണ്ടെത്തലുകൾ തിരുവനന്തപുരം സി.ബി.ഐ. കോടതി അവഗണിച്ചു എന്നും, നിയമ വിരുദ്ധമായ ഈ വിധി റദ്ദാക്കണം എന്നുമാണ് റിവിഷൻ ഹർജിയിലെ ആവശ്യം. ഇത് ഫെബ്രുവരി മൂന്നാം തീയതി ഹൈക്കോടതിയുടെ പരിഗണനയിൽ വരും

BACK TO NEWS