തിരുവന്തപുരം: ബി.പി.എൽ. വിഭാഗത്തിൽപെട്ട ഉപഭോക്താക്കൾക്ക് വൈദ്യുതി കണക്ഷന് ഇനി സെക്യൂരിറ്റി തുക അടയ്ക്കേണ്ട എന്ന് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ. ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർ വീട് മുഴുവനായി പൊളിച്ചു പണിയുമ്പോൾ നിലവിലുള്ള വൈദ്യുതി കണക്ഷൻ അഴിച്ചു മാറ്റേണ്ടതില്ല. സ്വകാര്യ വസ്തുവിൽ വൈദ്യുതി ലൈനോ ട്രാൻസ്ഫോർമർ പോലുള്ള ഉപകരണങ്ങളോ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ വസ്തു ഉടമ അപേക്ഷിക്കുന്ന പക്ഷം ആ വസ്തുവിൻറെ തന്നെ മറ്റൊരു ഭാഗത്തേക്ക് അവ മാറ്റി സ്ഥാപിക്കണമെന്നും കമ്മീഷൻ നിർദേശിച്ചു.

വൈദ്യുത റെഗുലേറ്ററി കമ്മീഷൻ പുറത്തിറക്കിയ വൈദ്യുത വിതരണ ചട്ടങ്ങളിലാണ് ഈ നിർദ്ദേശങ്ങൾ. ട്രാൻസ്ഫോർമറുകളും വൈദ്യുതി ലൈനുകളും നിൽക്കുന്ന സ്വകാര്യ വസ്തുവിന് സമീപം പൊതു നിരത്തുകൾ ഉണ്ടെങ്കിൽ അവിടേക്ക് അവ മാറ്റി സ്ഥാപിക്കണം. ഇതിനുള്ള ജോലിക്കൂലി മാത്രം ഉപഭോക്താവ് നൽകിയാൽ മതി. പുതുതായി കണക്ഷൻ നൽകുമ്പോൾ സെക്യൂരിറ്റിയായി ഒടുക്കുന്ന തുകയുടെ പലിശ സാമ്പത്തിക വർഷത്തിൻറെ ആദ്യ പാദത്തിൽ തന്നെ ഉപഭോക്താവിന് നൽകിയിരിക്കണം.

സെക്യൂരിറ്റി തുക സമ്പന്ധിച്ച വിശദമായ വിവരങ്ങൾ ഓരോ ബില്ലിലും വ്യക്തമായി കാണിച്ചിരിക്കണം. ബില്ലിനെ സമ്പന്ധിച്ച പരാതികൾ സമയബന്ധിതമായി തീർക്കണം. ഉപഭോക്താവ് നൽകുന്ന എല്ലാ പരാതികൾക്കും കൈപ്പറ്റിയ രസീത് നൽകണം. കണക്ഷൻ നൽകുമ്പോൾ ഉപഭോക്താവ് അടക്കേണ്ട ചെലവ് റഗുലേറ്ററി കമ്മീഷൻ പ്രസിദ്ധീകരിച്ച 'കോസ്റ്റ് ഡേറ്റ' അനുസരിച്ച് മാത്രമേ ഈടാക്കാവൂ. ഇതിൽ മീറ്ററിൻറെ വില ഉൾപ്പെടുത്താൻ പാടില്ലെന്നും വൈദ്യുതി റഗുലേറ്ററി കമ്മീഷൻ നിർദ്ദേശിക്കുന്നു. 10 കിലോവാട്ടിൽ താഴെ മാത്രം കണക്റ്റഡ് ലോഡ് ഉള്ള ഗാർഹിക ഉപഭോക്താക്കളെ അനധികൃത കണക്റ്റഡ് ലോഡ് സമ്പന്ധിച്ച ശിക്ഷാവിധികളിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കിയിട്ടുണ്ട്.

കണക്റ്റഡ് ലോഡിൽ നിയമാനുസൃതമായി ഉണ്ടാകുന്ന വർധനവിനെ അനധികൃത ഉപഭോഗമായി കാണരുത്. വീടിനു പരിസരത്തുള്ള തൊഴുത്ത്, ചെറിയ ഷെഡുകൾ എന്നിവയിലേക്ക് ബൾബുകൾ സ്ഥാപിക്കുന്നത് അനധികൃത ഉപയോഗത്തിൻറെ പരിധിയിൽ വരില്ല.

 

BACK TO NEWS