LEGATUS

  

രണ്ടു വർഷമായി വേതനം ലഭിക്കുന്നില്ല എന്ന് ആരോപിച്ച് കൽപറ്റ സിവിൽ സ്റ്റെഷൻ കെട്ടിടത്തിൻറെ മുകളിൽ കയറി അദ്ധ്യാപികമാരുടെ ആത്മഹത്യാ ഭീഷണി.

വയനാട് പുളിയന്മല ജി.എൽ.പിയിലെ പ്രീപ്രൈമറി വിഭാഗം അദ്ധ്യാപിക പ്രദീപ, നമ്പ്യാർകുന്നു ജി.എൽ.പിയിലെ സുജാത, അച്ചൂർ ജി.എൽ.പിയിലെ ലിസ എന്നിവരാണ് വ്യാഴാഴ്ച പതിനൊന്നരയ്ക്ക് സിവിൽ സ്റ്റെഷൻ കെട്ടിടത്തിൻറെ മുകളിൽ കയറിയത്. വിദ്യാഭ്യാസമന്ത്രി, ഡി പി. ഐ, വിദ്യാഭ്യാസ ഉപഡയറക്ടർ എന്നിവർക്ക് എഴുതിയ ആത്മഹത്യാക്കുറിപ്പുകൾ ഇവർ കെട്ടിടത്തിൻറെ മുകളിൽ നിന്നും താഴേക്കു വിതറി.

രണ്ടു വർഷമായി കുടിശ്ശികയുള്ള വേതനവും ഓണറേറിയവും ലഭിക്കുന്നില്ല, കോടതി വിധി സർക്കാർ നടപ്പാക്കുന്നില്ല, താല്പര്യമുള്ളവർക്ക് മാത്രം വേതനം നൽകുന്നു, യോഗ്യതയില്ലെന്ന് പറഞ്ഞ് അദ്ധ്യാപകരെ ഒഴിവാക്കുന്നു എന്നിങ്ങനെയാണ് ഇവരുടെ പരാതികൾ.

സംഭവം അറിഞ്ഞ് ജനങ്ങൾ തടിച്ച് കൂടി. പിന്നാലെ പോലീസും ഫയർഫോഴ്സും സിവിൽസ്റ്റെഷൻ പരിസരത്ത് എത്തി. ഇതിനിടയിൽ അധികൃതരുമായി അദ്ധ്യാപകരുടെ പ്രതിനിധികൾ ചർച്ച നടത്തി. 15 ദിവസത്തിനുള്ളിൽ പ്രശ്നത്തിൽ വ്യക്തമായ തീരുമാനം ഉണ്ടാക്കാം എന്നറിയിച്ചിട്ടും അദ്ധ്യാപികമാർ കെട്ടിടത്തിനു മുകളിൽനിന്നും താഴെയിറങ്ങാൻ കൂട്ടാക്കിയില്ല. ഇതിനിടയിൽ ഒരാൾ തലചുറ്റി വീണതോടെ പോലീസ് കെട്ടിടത്തിനു മുകളിൽ കയറി മൂവരെയും ബലമായി താഴെയിറക്കി. ഇവർക്കെതിരെ പോലീസ് കേസ്ചാർജ്ജ് ചെയ്തിട്ടില്ല

BACK TO NEWS