LEGATUS

Mr.ഫ്രോഡ്

   

 

           

          തന്ത്രങ്ങളും ഗൂഡ ലക്ഷ്യങ്ങളുമായി ഒരാൾ മിസ്റ്റർ ഫ്രോഡ്

 

 

   

     

 

   അയാൾക്ക് സ്വന്തമായി ഒരു പേരില്ല.ആർക്കും അയാളുടെ നാട് അറിയില്ല, എന്ത് ചെയ്യുന്നു എന്നറിയില്ല, എന്തിനു വന്നു എന്നറിയില്ല. പക്ഷെ അയാളുടെ മനസ്സിൽ ചില ഗൂഡലക്ഷ്യങ്ങളുണ്ട്‌. ഇങ്ങനെ ഒരാൾക്ക്‌  സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ ഇട്ടിരിക്കുന്ന പേരാണ് മിസ്റ്റർ ഫ്രോഡ്.

 

    കുലീനമായ വേഷവും നര വീണ മുടിയും കുറ്റിത്താടിയും തീക്ഷ്ണമായ നോട്ടവും അളന്നു മുറിച്ച സംഭാഷണവും ഒക്കെയായി മിസ്റ്റർ ഫ്രോഡായി എത്തുന്നത് മോഹൻലാലാണ്.

 

    നാട്ടിൽ പേരും പ്രശസ്തിയും സമ്പത്തുമൊക്കെയുള്ള ഒരു കോവിലകം. ആളും അർത്ഥവും ബന്ധുബലവും ഉള്ള ഈ കോവിലകത്തെ ഇപ്പോഴത്തെ അംഗങ്ങൾ മഹേന്ദ്രവർമ്മ, രവീന്ദ്രവർമ്മ എന്നിവരുടെ മക്കളും അവരുടെ പിൻതലമുറക്കാരുമാണ്. രാജ ശേഖരവർമ്മ, ശ്രീകൃഷ്ണവർമ്മ, ബാലരാമവർമ്മ, ത്രിവിക്രമവർമ്മ, സുധാകരവർമ്മ എന്നിവരാണ്  ഇപ്പോഴത്തെ പ്രധാനികൾ. ഇവരുടെ മക്കളും മരുമക്കളും കൊച്ചു മക്കളും അടങ്ങുന്നതാണ് കോവിലകം.

 

    ഈ കോവിലകത്ത് ഗൗരവമുള്ള ഒരു പ്രശ്നം ഉടലെടുത്തിരിക്കുന്നു. കോവിലകത്തെ പ്രധാനികളും അഭ്യുദയാകാംഷികളും വക്കീൽ ഇടുക്കുളയുമൊക്കെ എത്രശ്രമിച്ചിട്ടും പ്രശ്നം പരിഹരിക്കുവാൻ കഴിയാതെ വന്നപ്പോഴാണ് ഡൽഹിയിൽ നിന്നൊരാൾ എത്തിയത്. കൃത്യമായ ഒരു പേരുപോലുമില്ലാത്ത മിസ്റ്റർ ഫ്രോഡ് കോവിലകവുമായി ബന്ധപ്പെട്ട ഒരാളുടെ ക്ഷണവും അയാളുടെ വരവിന് പിന്നിലുണ്ടായിരുന്നു.

.

 

    ഇദ്ദേഹം എത്തുന്നതോടെ പ്രശ്നം പരിഹരിക്കപ്പെട്ടില്ല എന്നതിലുപരി കൂടുതൽ സങ്കീർണ്ണമാവുകയും കോവിലകത്തെ ഓരോ അംഗത്തിൻറെയും സ്വകാര്യ ജീവിതത്തെകൂടി അത് ബാധിക്കുകയും ചെയ്തു. തുടർന്നുണ്ടാവുന്ന സംഭവങ്ങൾ പ്രേക്ഷകൻറെ പ്രതീക്ഷയ്ക്കും കണക്കുകൂട്ടലുകൾക്കുമപ്പുറം പുതിയ വഴിത്തിരിവുകൾ  സൃഷ്ടിക്കുന്ന വിധത്തിലാണ് ബി. ഉണ്ണികൃഷ്ണൻ  ഈ ചിത്രം അവതരിപ്പിക്കുന്നത്‌.

 

    മോഹൻലാലിനെ കൂടാതെ വലിയ ഒരു താരനിരയുണ്ട്  ഈ ചിത്രത്തിൽ. തമിഴ് നടൻ വിജയകുമാർ രാമവർമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിദ്ദിഖ്, സായികുമാർ, സുരേഷ് കൃഷ്ണ, ദേവൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, പി. ബാലചന്ദ്രൻ, മുകുന്ദൻ, രാഹുൽ മാധവ്, രാജീവ്, കലാശാല ബാബു, ശ്രീരാമൻ, മിയ, പല്ലവി പുരോഹിത്, മഞ്ജരി, റിനാ, മരിയാ, മേഘ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളാകുന്നത്.

 

    ബി. ഉണ്ണികൃഷ്ണൻ തന്നെ രചനയും നിർവ്വഹിക്കുന്ന മിസ്റ്റർ ഫ്രോഡിൻറെ ഛായാഗ്രാഹകൻ സതീഷ്‌ കുറുപ്പാണ്. ചിറ്റൂർ ഗോപി, ഹരിനാരായണൻ  എന്നിവരുടെ വരികൾക്ക്  ഈണം  നൽകുന്നത്  ഗോപി സുന്ദർ

 

    എ.വി.എ. പ്രൊഡക്ഷൻസിൻറെ ബാനറിൽ . വി. അനൂപ്‌  നിർമ്മിക്കുന്ന ഈ ചിത്രം കൊച്ചി, ഒറ്റപ്പാലം, മുംബൈ എന്നിവിടങ്ങളിലായി പൂർത്തിയാകും. വിതരണം മാക്സ് ലാബ്‌ റിലീസ്.

 

  

 

 

 

BACK TO MALAYALAM CINEMA