നൂറാവിത്ത് ലൗ

   

 

        മലബാറിൻറെ രുചിയും സംഗീതവുമായി ടു  നൂറാ വിത്ത്  ലൗ

 

 

   

     

 

    ഇത് നൂറാ എന്ന നൂർജഹാൻറെ കഥയാണ്. മലബാറിലെ  സമ്പന്ന കുടുംബാംഗമാണ്  നൂർജഹാൻ (മംമ്ത മോഹൻദാസ്). വേദഗ്രന്ഥങ്ങൾ മന:പാഠമാക്കിയ, സംഗീതത്തെ പ്രണയിക്കുന്ന, സാമൂഹ്യ പ്രവർത്തനങ്ങളിൽ താല്പര്യമുള്ള നൂർജഹാൻ ഭൗമശാസ്ത്രത്തിൽ ഡോക്ടറേറ്റ് എടുക്കുവാനുള്ള തയ്യാറെടുപ്പിലാണ്. സംഗീതത്തിലുള്ള നൂർജഹാൻറെ താല്പര്യമാണ്  അവളെ ഷാജഹാനിലേക്ക്  അടുപ്പിച്ചത്.

 

    എൽ. എൽ . ബി. വിദ്യാർത്ഥിയാണ്  ഷാജഹാൻ (കൃഷ്  ജെ. സത്താർ). സൂഫി സംഗീതത്തെ  സ്നേഹിച്ച, അതിന്വേണ്ടി ജീവിതം നശിപ്പിച്ച ഒരു പിതാവിൻറെ മകൻ. ഷാജഹാൻ ഗായകനാണ്. പക്ഷെ പഠനം കഴിഞ്ഞു മതി സംഗീതം എന്ന കർശനമായ താക്കീതാണ് അവൻറെ സഹോദരി നല്കിയിരുന്നത്. പ്രായത്തിൽ കുറച്ച് വ്യത്യാസമേ ഉള്ളു എങ്കിലും ഷാജഹാന് സൈനബ (കനിഹ) അമ്മയെപ്പോലെയാണ്.

 

    പിതാവിൻറെ സംഗീതഭ്രാന്ത് തകർത്ത അവരുടെ കുടുംബം സാമ്പത്തികമായി മെച്ചപ്പെട്ട് വരുന്നതേയുള്ളൂ. സൈനബ നടത്തുന്ന കേറ്ററിങ്ങ് സ്ഥാപനത്തിൽ നിന്നുള്ള വരുമാനം കൊണ്ടാണ് ഷാജഹാൻറെ പഠനം ഉൾപ്പടെയുള്ള കാര്യങ്ങൾ നടന്നു പോകുന്നത്.

 

    ഇതിനിടയിൽ ഉടലെടുത്ത ഷാജഹാൻറെയും നൂർജഹാൻറെയും പ്രണയബന്ധത്തിന് ശക്തമായ എതിർപ്പാണ് നൂർജഹാൻറെ കുടുംബത്തിൽനിന്നും ഉണ്ടാകുന്നത്. പക്ഷെ എതിർപ്പുകളെ മറികടന്ന് ഇരുവരും വിവാഹിതരാവുകയാണ്‌.

 

    നൂറ ഗർഭിണിയാകുന്നതോടെയാണ് ചിത്രം കുടുംബ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുന്നത്‌. കുട്ടികളെ ജീവന് തുല്യം സ്നേഹിക്കുന്ന നൂറയ്ക്ക്  സ്വന്തമായി ഒരു കുഞ്ഞ് ഉണ്ടാകാൻ പോകുമ്പോഴത്തെ സംഘർഷങ്ങളും പ്രതിസന്ധികളുമാണ് 'ടു നൂറാ വിത്ത് ലൗ' എന്ന ചിത്രത്തെ വ്യത്യസ്ഥമാക്കുന്നത്.

 

    ഒരു ഇടവേളയ്ക്ക് ശേഷം ബാബു നാരായണൻ (അനിൽ - ബാബു) സംവിധാനം ചെയ്യുന്ന 'ടു നൂറാ വിത്ത് ലൗ' മലബാറിൻറെ രുചിക്കും സംഗീതത്തിനും ഏറെ പ്രാധാന്യം നൽകിയാണ് ചിത്രീകരിക്കുന്നത്. സി. എച്ച്. മുഹമ്മദ് വടകരയുടെ കഥയ്ക്ക് തിരക്കഥ ഒരുക്കിയത് ജി. എസ്. അനിൽ. ഛായാഗ്രഹണം അഴകപ്പൻ. വയലാർ ശരത്തിൻറെ വരികൾക്ക് സംഗീതം നൽകിയത് മോഹൻ സിത്താര.

 

    ഡോ ബ്രോസ് ഇൻർനാഷണലിൻറെ ബാനറിൽ മുഹമ്മദ് അൻസാർ നിർമ്മിക്കുന്ന 'ടു നൂറാ വിത്ത് ലൗ' വിൽ നെടുമുടി വേണു, ശേഖർ മേനോൻ, സുരാജ് വെഞ്ഞാറമ്മൂട്, മാമുക്കോയ, ബിയോണ്‍, ഇർഷാദ്, രമേഷ് പിഷാരടി, കോഴിക്കോട് നാരായണൻ നായർ, അർച്ചന കവി, അംബിക, ശ്രീദേവി ഉണ്ണി, കോഴിക്കോട് ശാരദ എന്നിവരും അഭിനയിക്കുന്നു.

 

 

 

 

BACK TO MALAYALAM CINEMA