തേൻ

 

                                               തേൻ ഒരു ദിവ്യ ഔഷധം

 

 

 

          

    ഒരു ആഹാര പദാർത്ഥം എന്നത് പോലെ ഔഷധ ഗുണവുമുള്ള ഒന്നാണ് തേൻ. തേൻ രണ്ട് തരമുണ്ട്  - ചെറുതേനും വൻതേനും. ചെറിയ തരം തേനീച്ചകളിൽ നിന്നുമുണ്ടാകുന്നതാണ് ചെറുതേൻ. വലിയ തേനീച്ചകൾ ഉൽപാദിപ്പിക്കുന്നതാണ് വൻതേൻ. ഇവയിൽ രണ്ടിലും തേനിൻറെ പൊതുഗുണങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിലും ചെറുതേൻ ആണ് കൂടുതൽ ഗുണകരം.

 

   തേനിൻറെ രുചിയും ഗുണവും അതുണ്ടാക്കുന്ന പൂക്കളുടെ ഗുണത്തിനനുസരിച്ച്  വ്യത്യസ്തമായിരിക്കും. അതുകൊണ്ടാണ് ചില തേനുകൾക്ക്  കയ്പ്പ് രസം അനുഭവപ്പെടുന്നത്. തേനീച്ചകളുടെ വകഭേദത്തിനനുസരിച്ചും ഗുണത്തിൽ വ്യത്യാസം വരാം. തേനിൻറെ പരിശുദ്ധി അറിയാനും മാർഗ്ഗമുണ്ട്. ശുദ്ധജലത്തിൽ അല്പം തേനൊഴിച്ച്  അത് വെള്ളത്തിൽ കലങ്ങിച്ചേരുമെങ്കിൽ തേൻ ശുദ്ധമാണെന്ന് കരുതാം. തേനിൽ മായം കലർന്നിട്ടുണ്ടെങ്കിൽ അത് വെള്ളത്തിൻറെ അടിയിൽ അടിഞ്ഞു കിടക്കും

    

തേനിൻറെ ഔഷധഗുണ

 

    ബാഹ്യവും ആന്തരികവുമായ പല രോഗങ്ങൾക്കും തേൻ ഒരു നല്ല ഔഷധമാണ്. ദിവസവും തേൻ കഴിച്ചാൽ കാഴ്ചശക്തി വർദ്ധിക്കും. ദുർമേദസിനെ അകറ്റി അമിതവണ്ണം കുറയ്ക്കും. ദഹിച്ച്  കഴിയുമ്പോൾ തേനിന്  ഉഷ്ണ ഗുണമാണുള്ളത്. അത് ശരീരത്തിലെ കൊഴുപ്പിനെ അലിയിച്ച് കളയുവാൻ സഹായിക്കും. വണ്ണം കുറയ്ക്കുവാൻ തേൻ വെള്ളം ചേർക്കാതെയും, ശരീര പുഷ്ടിയുണ്ടാകുവാൻ തേൻ വെള്ളത്തിൽ കലക്കിയുമാണ് ഉപയോഗിക്കേണ്ടത് . രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കുവാനും മലശോധനയ്ക്കും ദാഹം ശമിപ്പിയ്ക്കുവാനും തേൻ കഴിയ്ക്കുന്നത്  നല്ലതാണ്. തേനും കറ്റാർവാഴ നീരും തുല്യ അളവിൽ കഴിച്ചാൽ ആന്തരിക മുറിവുകൾ കരിയുകയും രോഗപ്രതിരോധശേഷി വർദ്ധിക്കുകയും ചെയ്യും

 

    കൺകുരു മാറാൻ കൺപോളകളിൽ കൂടെക്കൂടെ തേൻ പുരട്ടിയാൽ മതി. തിളപ്പിച്ചാറിയ വെള്ളത്തിൽ അല്പം തേൻ ചേർത്ത് കണ്ണ് കഴുകിയാൽ കാഴ്ചശക്തി വർദ്ധിക്കും.

 

    പൊള്ളലിനും മുറിവുകൾക്കും തേൻ ഒരു ഉത്തമ ഔഷധമാണ്. മുറിവുകളിൽ തേൻ പുരട്ടിയാൽ അത് പെട്ടന്നുണങ്ങും. തേനും നെയ്യും തുല്യ അളവിൽ ചേർത്ത്  പൊള്ളലേറ്റ ശരീരഭാഗത്ത്‌  പുരട്ടിയാൽ അടയാളവും നീറ്റലും മാറിക്കിട്ടാൻ സഹായിക്കും. വ്രണങ്ങളിൽ തേൻ പുരട്ടിയാൽ, അല്പം നീറ്റലുണ്ടാകുമെങ്കിലും അതിനുള്ളിലെ പഴുപ്പ് വെളിയിൽ കളഞ്ഞ് ശുദ്ധമാക്കി വ്രണം പെട്ടന്ന് ഉണങ്ങും. പഴുത്ത് പൊട്ടാറായ വ്രണങ്ങൾക്ക്  മീതെ തേനും വേപ്പില അരച്ചതും ചേർത്ത് പുരട്ടിയാൽ വേദനയില്ലാതെ പഴുപ്പ് പുറത്ത് വന്ന് രണ്ട് മൂന്ന് ദിവസം കൊണ്ട് വ്രണം ഉണങ്ങും.

 

    തട്ടോ വീഴ്ചയോ കൊണ്ട് ശരീരഭാഗം മുഴച്ചു വന്നാൽ അവിടെ തേനും നെയ്യും തുല്യ അളവിൽ ചേർത്ത് പുരട്ടിയാൽ നീര് കുറയുകയും മുഴ അപ്രത്യക്ഷമാവുകയും ചെയ്യും.

 

    ചുമ, കഫം, ഛർദ്ദി, എക്കിൾ, ചർമ്മ രോഗങ്ങൾ, രക്തസ്രാവം, കൃമിശല്യം, വയറിളക്കം, ശ്വാസകോശരോഗങ്ങൾ എന്നിവയ്ക്കുള്ള ഔഷധങ്ങളോടൊപ്പം തേൻ ചേർത്ത് കഴിയ്ക്കുന്നത് നല്ലതാണ്

   

തേൻ കഴിയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

 

    തേൻ ചൂടാക്കി കഴിയ്ക്കരുത് . അത് വിഷമയമായിത്തീരും. തേനീച്ചകൾ അതിൻറെ ദഹനരസത്തോടു പ്രതിപ്രവർത്തിച്ചാണ് തേൻ ഉണ്ടാക്കുന്നത്‌ . അതിനാൽ ചൂടായിക്കഴിയുമ്പോൾ അതിൽനിന്നും വിഷാംശം ഉണ്ടാകാൻ ഇടയുണ്ട്. തേൻ ചൂടുപാത്രത്തിൽ വച്ചോ, ചൂടുള്ള ആഹാരത്തോടൊപ്പമോ, അമിതമായി ചൂട്  അനുഭവപ്പെടുമ്പോഴോ കഴിയ്ക്കരുത്. അതുപോലെ തേൻ, നെയ്യ്, വെള്ളം, എണ്ണ - ഇവയിൽ രണ്ടോ മൂന്നോ ഒന്നിച്ച് ചേർത്ത്  അത് തുല്യ അളവിൽ കഴിച്ചാൽ അത് അന്യോന്യം വിരുദ്ധമാകുകയും വിഷമയമാകുകയും ചെയ്യും.

 

 

 

HEALTH TIPS