തേൻ

 

                              മുഖകാന്തിക്കും സൗന്ദര്യവർദ്ധനവിനും - തേൻ

 

 

 

          

    മുഖ സൗന്ദര്യവും ശരീരഭംഗിയും സംരക്ഷിക്കുവാൻ സഹായിക്കുന്ന ഒരു ഉത്തമ ഔഷധമാണ് തേൻ. തേങ്ങാപ്പാലിൽ തേൻ ചേർത്ത് മുഖത്ത് പുരട്ടുന്നതും, രക്തചന്ദനം അരച്ചതും തേനും യോജിപ്പിച്ച് മുഖത്ത് പുരട്ടുന്നതും മുഖകാന്തി വർദ്ധിപ്പിക്കുവാൻ സഹായിക്കും. പഴുത്ത തക്കാളിയുടെ നീരും സമം തേനും ചേർത്ത് മുഖത്ത് പുരട്ടി അര മണിക്കൂറിന് ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകുന്നതും മുഖകാന്തി വർദ്ധിപ്പിക്കുവാൻ ഉത്തമമാണ്. ഓറഞ്ച് നീരും സമം ചെറുതേനും യോജിപ്പിച്ച് മുഖത്ത്  പുരട്ടി അര മണിക്കൂറിന് ശേഷം കഴുകുന്നത് മുഖക്കുരു മാറാൻ സഹായിക്കും. കാബേജ് അരച്ച് നീരെടുത്ത്  യീസ്റ്റും തേനും ചേർത്ത് തുടർച്ചയായി പുരട്ടിയാൽ മുഖാത്തെ ചുളിവുകൾ മാറിക്കിട്ടും.

 

    നിലപ്പനക്കിഴങ്ങ് ആട്ടിൻപാലിൽ അരച്ചെടുത്ത് തേനിൽ ചാലിച്ച് പുരട്ടിയാൽ മുഖത്തെ കറുപ്പുനിറം മാറിക്കിട്ടും. കുങ്കുമപ്പൂ പച്ചവെള്ളത്തിൽ അരച്ചെടുത്ത് ചെറുതേനിൽ ചാലിച്ച് പുരട്ടിയാൽ മുഖത്തെ കറുത്ത പാടുകളും കരുവാളിപ്പും മാറും. നീർമരുതിൻതൊലി അരച്ച് തേനിൽ ചേർത്ത് പുരട്ടുന്നത് കരിമംഗല്യം മാറുവാൻ സഹായിക്കും. ചെറുനാരങ്ങാ നീരും ചെറുതേനും ചേർത്ത് പുരട്ടിയാൽ ചുണ്ടുകൾക്ക് നല്ല നിറം ലഭിക്കും. മുൽട്ടാണിമിട്ടിയും തേനും തുല്യ അളവിൽ യോജിപ്പിച്ച് മുഖത്ത് പുരട്ടിയാൽ മുഖക്കുരുവിൻറെ പാടുകളും ബ്ളാക്ക് ഹെഡുകളും മാറി മുഖം മൃദുവായിത്തീരും.

 

    തേൻ നല്ലൊരു ഫേസ് പായ്ക്ക്  കൂടിയാണ്. എണ്ണമയമുള്ള ചർമ്മത്തിന് ഒരു ടീസ്പൂൺ തേനിൽ ഒരു കോഴിമുട്ടയുടെ വെള്ളക്കരു നന്നായി യോജിപ്പിക്കുക. മുഖം വൃത്തിയാക്കിയതിന് ശേഷം മിശ്രിതം മുഖത്തും കഴുത്തിലും കട്ടിയായി പുരട്ടുക. പത്ത് മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയുക. തേനും തക്കാളി നീരും അര സ്പൂൺ വീതമെടുത്ത് അൽപം യീസ്റ്റും ചേർത്ത് കുഴച്ച് എണ്ണമയമുള്ള മുഖത്ത് ഫേസ് പായ്ക്കായി  ഉപയോഗിക്കാം. 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയുക.

 

    വരണ്ട ചർമ്മത്തിനുള്ള ഫേസ് പായ്ക്ക്  തയ്യാറാക്കുന്നത് അര  ടീസ്പൂൺ കടലമാവും കാൽ ടീസ്പൂൺ തേനും അര ടീസ്പൂൺ പുളിച്ച തൈരും റോസ് വാട്ടറിൽ ചേർത്ത് കുഴമ്പ് രൂപത്തിലാക്കിയാണ്. ഇത് മുഖത്ത് പുരട്ടി പത്ത് മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയുക. തേനും ചെറുനാരങ്ങാനീരും മുട്ടയുടെ വെള്ളയും യോജിപ്പിച്ച് മുഖത്തിടുന്നതും ഒരു നല്ല ഫേസ് പായ്ക്കാണ്.

              

    വരണ്ട ചർമ്മമുള്ളവർക്ക് തേൻ നല്ലൊരു മോയ്സ്ചറൈസർ കൂടിയാണ്. പത്ത് തുള്ളി തേൻ മുഖത്ത് പുരട്ടിയതിന് ശേഷം ഇരുപത് മിനിറ്റ് വിരലമർത്തി മസാജ് ചെയ്താൽ മുഖകാന്തിയും മൃദുത്വവും വർദ്ധിക്കും. ഒരു മുട്ടയുടെ വെള്ളയിൽ ഒരു ടീസ്പൂൺ എണ്ണയും ഒരു ടീസ്പൂൺ തേനും യോജിപ്പിച്ച് മുടിയിൽ പുരട്ടി അര മണിക്കൂറിന് ശേഷം കഴുകിയാൽ മുടിക്ക് നല്ല തിളക്കം ലഭിക്കും.

 

    ശരീരത്തിന് നല്ല നിറം ലഭിക്കുവാൻ നാരങ്ങാ നീരും ക്യാരറ്റ് നീരും തേനും ചേർത്ത് കഴിക്കുന്നത് നല്ലതാണ്. തേനും പാലും ചേർത്ത് കഴിക്കുന്നത് ശരീരത്തിൻറെ ക്ഷീണമകറ്റാനും, നിറവും സൗന്ദര്യവും വർദ്ധിക്കുവാനും, ശരീര പുഷ്ടിയുണ്ടാകുവാനും സഹായിക്കും. ദിവസവും രണ്ടു നേരം ഒരു ടേബിൾ സ്പൂൺ തേനും ഒരു ടേബിൾ സ്പൂൺ തുളസി നീരും യോജിപ്പിച്ച് കഴിച്ചാൽ കവിളുകളുടെ അരുണിമ വർദ്ധിക്കും.

.   

 

 

 

BEAUTY TIPS

BEAUTY TIPS

 

 

സൗന്ദര്യം സംരക്ഷണത്തിന് തൈര്