തൈര്

 

                                  സൗന്ദര്യ സംരക്ഷണത്തിന്  തൈര്

 

 

 

          

   

    നമ്മുടെ അടുക്കളയിൽ ഒഴിച്ച്കൂടാനാവാത്ത ഒന്നാണ് തൈര്. ഒരു ഭക്ഷ്യോൽപ്പന്നം എന്നത് പോലെ തൈര് ഒരു സൗന്ദര്യസംരക്ഷണോപാധിയുമാണ്. കാച്ചിത്തണുപ്പിച്ച പാലിൽ അൽപം തൈര് (ഉറ) ചേർത്ത് 12 മണിക്കൂർ സൂക്ഷിച്ചാൽ പുളിച്ച് കിട്ടും. ഉറയിലടങ്ങിരിക്കുന്ന ലാക്റ്റോബാസിലസ്  എന്ന ഇനം ബാക്ടീരിയകൾ വളരെ വേഗം പെരുകുകയും പാലിന് സ്വാഭാവിക മധുരം നൽകുന്ന പഞ്ചസാരയായ ലാക്റ്റോസിനെ ലാക് റ്റിക്ക്  ആസിഡാക്കി മാറ്റുന്നു. പ്രക്രിയ പൂർത്തിയാകുമ്പോഴാണ്  ഇളം മധുരവും പുളിയുമുള്ള തൈരുണ്ടാവുന്നത്. പാലിലുള്ള വൈറ്റമിനുകളും, കാൽസ്യവും കൊഴുപ്പും നഷ്ടപ്പെടാത്തത് കൊണ്ട് തൈരും പ്രോട്ടീനുകളാലും വൈറ്റമിനുകളാലും സംപുഷ്ടമാണ്.

 

    നിത്യവും ഭക്ഷണത്തിൽ തൈര് ഉൾപ്പെടുത്തിയാൽ ചർമ്മത്തിന് തിളക്കവും മൃദുത്വവും ഉണ്ടാകും. തൈരിൽ കാണപ്പെടുന്ന ബാക്ടീരിയകൾ ദഹന പ്രക്രിയയെ ത്വരിതപ്പെടുത്തുന്നതിനാൽ അസിഡിറ്റി ഉണ്ടാവില്ല എന്ന് മാത്രമല്ല അമിതവണ്ണം ഉണ്ടാവാതെ ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

 

    തൈര് നല്ലൊരു ക്ളെൻസറാണ്. ചർമ്മം വൃത്തിയാക്കാൻ അത് ഉപയോഗിക്കാറുണ്ട്. തൈര് ശരീരത്തിലും തലയിലും പുരട്ടുന്നത് ശരീര സൗന്ദര്യത്തിനും നല്ലതാണ്. തൈരും കടലമാവും തുല്യ അളവിലെടുത്ത്  യോജിപ്പിച്ച് മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം കഴുകിക്കളയുന്നത്  മുഖക്കുരു മാറാനും മുഖത്തെ ചുളിവുകൾ കുറയുവാനും സഹായിക്കും. തൈരും തക്കാളി നീരും യോജിപ്പിച്ച് ലേപനം ചെയ്താൽ മുഖകാന്തിയും മൃദുത്വവും വർദ്ധിക്കും. ഒരു പകുതി ചെറുനാരങ്ങയുടെ നീരും 50 ഗ്രാം തൈരും യോജിപ്പിച്ച് മുഖത്ത് പുരട്ടി അഞ്ച് മിനിറ്റിന് ശേഷം ഒരു ഫ്ളാനൽ  ഉപയോഗിച്ച് തുടച്ചെടുക്കുക. പിന്നീട് ഒരു ഉണങ്ങിയ റ്റൗവ്വൽ കൊണ്ട് തുടയ്ക്കുക. തുടർന്ന് സോപ്പുപയോഗിക്കാതെ തണുത്ത വെള്ളത്തിൽ കഴുകിയാൽ മുഖത്തിൻറെ ഇരുണ്ട നിറം മാറിക്കിട്ടും.

 

    ഒരു ഷാംപൂ ആയും തൈര് ഉപയോഗിക്കാം. അരക്കപ്പ്  ശുദ്ധമായ തൈര് വിരൽത്തുമ്പുകൾ കൊണ്ട് തലയോട്ടിയിൽ തേച്ച് പിടിപ്പിക്കുക. ഇരുപത് മിനിറ്റിന്  ശേഷം ചെറു ചൂടുവെള്ളത്തിലോ തണുത്ത വെള്ളത്തിലോ തല കഴുകുക. പയർ പൊടിയും തൈരും ചേർത്തുണ്ടാക്കിയ മിശ്രിതം ഉപയോഗിച്ച് മുടി കഴുകിയാൽ, തലമുടി പട്ട് പോലെ മിനുസമുള്ളതായി തീരും.

  

    താരൻ മാറാൻ തൈര് ഉപയോഗിക്കാറുണ്ട്. മൂന്നോ നാലോ ദിവസം പഴക്കമുള്ള അരക്കപ്പ് തൈരിൽ ഒരു മുട്ടയുടെ വെള്ള അടിച്ച് ചേർക്കുക. മിശ്രിതം താരനുള്ള ഭാഗത്ത് തേച്ച് പിടിപ്പിച്ച്, ഒരു മണിക്കൂറിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയുക.

 

    ചിലതരം ചർമ്മങ്ങളിൽ തൈര് അലർജി ഉണ്ടാക്കാറുണ്ട്. ഇതറിയുന്നതിനായി ഒരല്പം തൈര് കൈതലങ്ങൾക്ക് ഉള്ളിലോ താടിയുടെ താഴെ ഭാഗത്തോ പുരട്ടി നോക്കുക. നീറ്റലോ ചുവപ്പ് നിറമോ തടിപ്പോ മറ്റ് അസ്വസ്ഥതകളോ അനുഭവപ്പെടുകയാണെങ്കിൽ തുടർന്ന് ഉപയോഗിക്കരുത്.      

 

 

.   

 

 

 

BEAUTY TIPS

BEAUTY TIPS

 

 

മുഖകാന്തിക്കും സൗന്ദര്യവർദ്ധനവിനും - തേൻ