LEGATUS

PERSONALITIES

 

എം എസ് വാസുദേവൻ‌  - കവി , ഗാനരചയിതാവ് .

 

കരിവളയിട്ടകൈയിൽ

കുടമുല്ലപ്പൂക്കളുമായ്

കരിമിഴിയാളേ നീ വരുമോ

കരിമിഴിയാളേ നീ വരുമോ....

 

ഈ ഒരൊറ്റ  ഗാനം കൊണ്ട് ആസ്വാദക മനസ്സിൽ ഇടം നേടിയ ശ്രീ എം എസ് വാസുദേവൻ‌. കോട്ടയം ജില്ലയിൽ താഴത്തങ്ങാടി തളിയിൽകോട്ട ശിവ ക്ഷേത്രത്തിനു സമീപം മതുക്കൽ വീട്ടിൽ പരേതരായ ശങ്കരൻ - കൊച്ചുപെണ്ണ്‍ ദമ്പതികളുടെ മകനായി 1940 ൽ ജനിച്ചു. കോട്ടയം സി എം എസ് ഹൈസ്കൂൾ വിദ്യാഭ്യാസം. പതിനഞ്ചാം വയസ്സിൽ വിദ്യാർഥിയിരിക്കെ ' ഞാൻ അന്യനല്ല ' എന്ന ആദ്യ കവിത രചിച്ചു.

സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം പിതാവിൻറെ ഒപ്പം തയ്യൽ തൊഴിലാളിയായി ജീവിതം ആരംഭിച്ച ശ്രീ എം എസ് വാസുദേവൻ‌ , 1960 മുതൽ ലളിതഗാനങ്ങൾ എഴുതി തുടങ്ങി. പിന്നീട് ഭക്തി ഗാനങ്ങളും നാടക ഗാനങ്ങളും തിരഞ്ഞെടുപ്പ് ഗാനങ്ങളും വിപ്ലവഗാനങ്ങളും ഉൾപ്പടെ മുന്നൂറോളം ഗാനങ്ങൾ അദ്ദേഹത്തിൻറെതായി  പുറത്തിറങ്ങി.

 

ജോസ് പ്രകാശിൻറെ പീപ്പിൾ സ്റ്റേജ് കേരള തീയേറ്റെഴ്സിനു വേണ്ടിയായിരുന്നു എം എസ് വാസുദേവൻ‌റെ ആദ്യ നാടകഗാനം. തുടർന്ന് പൊൻകുന്നം വർക്കി, എസ് എൽ പുരം സദാനന്ദൻ, പി ജെ ആൻറണി, പരവൂർ ജോർജ്ജ് തുടങ്ങിയ നാടക രംഗത്തെ കുലപതിമർക്കൊപ്പം പ്രവർത്തിക്കുവാൻ അവസരം കിട്ടി. ജയവിജയ സഹോദരന്മാർ, കലാനിലയം രാജപ്പൻ, കുമരകം ബോസ്സ്, കുമരകം രാജപ്പൻ, എൽ പി ആർ വർമ്മ, അർജ്ജുനൻ  മാസ്റ്റർ എന്നിവരായിരുന്നു  എം എസ് വാസുദേവൻ‌റെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയത് .

 

1969 ൽ പരവൂർ ജോർജ്ജിൻറെ 'ദിവ്യബലി' എന്ന നാടകത്തിനു വേണ്ടി എഴുതിയ "കരിവളയിട്ട കയ്യിൽ......" എന്ന ഗാനമാണ് എം എസ് വാസുദേവനെ പ്രശസ്തനാക്കിയത്. കോട്ടയം ജോയി ഈണമിട്ട ഈ അനശ്വര ഗാനം ആലപിച്ചത് ഗാനഗന്ധർവ്വൻ കെ ജെ യേശുദാസാണ്. നിർഭാഗ്യമെന്നു പറയട്ടെ, തലമുറകൾ ഹൃദയത്തിലേറ്റിയ ഈ ഗാനത്തിൻറെ രചയിതാവിൻറെ സ്ഥാനത് അന്നത്തെ പ്രശസ്തരായ മറ്റു ചില രചയിതാക്കളുടെ പേരാണ് അവരോധിക്കപെട്ടത്‌. മാത്രമല്ല തൻറെ വരികൾ പാടിയ യേശുദാസിനെ അദ്ദേഹം നേരിൽ കാണുന്നത് പോലും ആ ഗാനമിറങ്ങി നീണ്ട 33 വർഷങ്ങൾക്കു ശേഷമാണ്. ക്രമേണ വിസ്മൃതിയിലാണ്ടു പോവുകയായിരുന്നു  എം എസ് വാസുദേവൻ‌.

 

ശ്രീമതി ലീലയാണ് എം എസ് വാസുദേവൻ‌റെ ഭാര്യ. അരവിന്ദൻ, ലേഖ, രേണു എന്നിവരാണ് മക്കൾ. മൂവരും വിവാഹിതർ. പ്രിൻറിങ്  പ്രസ്‌ ജീവനക്കാരനായ മകൻ അരവിന്ദൻറെ കുടുംബത്തോടൊപ്പം താഴത്തങ്ങാടിയിലെ മതുക്കൽ വീട്ടിൽ വിശ്രമജീവിതം നയിക്കുകയാണ് വാസുദേവൻ‌ ഇന്ന്. ഹൃദ്രോഗ ബാധിതനാണ് അദ്ദേഹം. രോഗങ്ങളുടെയും വാർദ്ധക്യത്തിൻറെ വ്യാകുലതകൾക്കിടയിൽ, മനസ്സിൽ കുടമുല്ലപ്പൂക്കൾ പോലെ വിരിയുന്ന ഒരായിരം ഗാനങ്ങളുടെ ബാല്യവുമായി കാത്തിരിക്കുകയാണ് വാസുദേവൻ‌ - ഇനിയും ലോകമറിയാത്ത തൻറെ രചനകളുമായി. അദ്ദേഹത്തിന്റെ തന്നെ ഒരു കവിതയിൽ പറയും പോലെ -

 

അക്ഷരങ്ങളേഴിൽ നിന്നും

അത്ഭുതങ്ങളുണർത്തിയ

അക്ഷയ ജ്യോതിസ്സേ , സംഗീതമേ നിൻറെ

അക്ഷയഖനിയിൽ നിന്നൊരു മുത്തെടുത്തീ

ഭിക്ഷാടകനായേകുകില്ലേ .... എൻറെ

ആത്മരോദനം കേൾക്കുകില്ലേ......

 

എം എസ് വാസുദേവൻ‌
മതുക്കൽ വീട്
തളിയിൽകോട്ട
താഴത്തങ്ങാടി
കോട്ടയം ജില്ല
ഫോണ്‍ :8281190215

BACK TO PERSONALITIES