മോഹൻലാൽ സൂപ്പർ സ്റ്റാർ മോഹൻലാലായി തന്നെ അഭിനയിക്കുന്ന 'രസം' എന്ന ചിത്രം ദോഹയിലാണ് ചിത്രീകരിക്കുന്നത്. ഒരു വിവാഹവും വിവാഹത്തിൻറെ ഒരുക്കങ്ങൾക്കിടയിൽ നടക്കുന്ന രസകരമായ വഴിത്തിരിവുകളുമാണ്  'രസം' എന്ന തൻറെ പുതിയ ചിത്രത്തിലൂടെ സംവിധായകൻ രാജീവ്  നാഥ് അവതരിപ്പിക്കുന്നത്‌.

 

    ഗൾഫിലെ പ്രമുഖ വ്യവസായിയായ ആർ. ജെ. മേനോൻറെ (ദേവൻ) ഏക മകൾ ജാനകിയുടെ (വരുണ ഷെട്ടി) വിവാഹം ഗൾഫിൽ വച്ച് തന്നെ നടത്തുവാൻ തീരുമാനിക്കുന്നു. മേനോൻറെ സ്നേഹിതൻറെ മകൻ  മനുവാണ് വരൻ. തനി കേരളീയ രീതിയിൽ വിവാഹം നടത്തുവാൻ ആഗ്രഹിച്ച മേനോൻ, അതിനായി പാചക കലയുടെ  കുലപതി ഗുരുവായൂർ  ഉണ്ണികൃഷ്ണൻ നമ്പൂതിരിയെ (നെടുമുടി വേണു) ദോഹയിലേക്ക്  ക്ഷണിക്കുനനു.

 

    പാചക കലയിൽ തൻറേതായ നിഷ്ഠകളും  ആചാരങ്ങളുമൊക്കെ കാത്തു സൂക്ഷിക്കുന്ന ഉണ്ണികൃഷ്ണൻ നമ്പൂതിരി, ഗൾഫിലേക്കുള്ള ക്ഷണം സ്വീകരിക്കുവാൻ മടിച്ചു. പക്ഷെ ആരാധ്യനായ മോഹൻലാലിൻറെയും  മേനോൻറെയും നിർബന്ധത്തിന്  വഴങ്ങിയ ഉണ്ണികൃഷ്ണൻ നമ്പൂതിരി, തൻറെ മകൻ ബാലു ശങ്കർ എന്ന ബാലുവും (ഇന്ദ്രജിത്ത്) സഹായി ഗോവിന്ദനും (നന്ദു) ഒപ്പം ഗൾഫിലെത്തി.

 

    എം.ടെക്  ബിരുദധാരിയായ ബാലുവിന്  തൻറെ പിതാവിൻറെ തോഴിലോനോട് അത്ര മതിപ്പില്ല. എന്നാൽ തൊഴിൽ രഹിതനായ ബാലുവിൻറെ ഭാവി കൂടി മനസ്സിൽ കണ്ടാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരി ബാലുവിനെ ഒപ്പം കൂട്ടിയത്.

 

    ഉണ്ണികൃഷ്ണൻ നമ്പൂതിരിയും സംഘവും തങ്ങളുടെ കർമ്മത്തിലേക്ക്  കടന്നു. എന്നാൽ വിവാഹ സദ്യ ഒരുക്കുന്നതിനിടയിൽ അപ്രതീക്ഷിതമായ ചില സംഭവങ്ങൾ അവിടെ അരങ്ങേറി. അത് വിവാഹം തന്നെ മുടക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ചു. തുടർന്നുണ്ടാകുന്ന പ്രതിസന്ധികളിലൂടെയാണ്‌  രസത്തിൻറെ കഥ വളരുന്നത്‌.

 

    ചിത്രത്തിലെ വഴിത്തിരിവുകൾക്ക് സാക്ഷിയാകുന്ന മോഹൻലാലിനെ കൂടാതെ ജഗദീഷ്, ദിലീപ് ശങ്കർ, രാജേഷ് ദോഹ, അംബിക മോഹൻ, മൈഥിലി കൃഷ്ണ, ബിന്ദു, സീമ ജി. നായർ എന്നിവരും അഭിനയിക്കുന്നു.

 

    തിരക്കഥ രചിച്ചിരിക്കുന്നത്  സുധീപ് ദുബായിയും രാജീവ് നാഥും ചേർന്നാണ്. സംഭാഷണം നെടുമുടി വേണു. ഛായഗ്രഹണം കൃഷ് കൈമൾ. കാവാലത്തിൻറെ വരികൾക്ക് സംഗീതമൊരുക്കുന്നത് ജോബ് കുര്യൻ. നിർമ്മാണം ഗ്രൂപ്പ് ടെൻ എൻറർടെയിൻമെൻറ.

 

BACK TO MALAYALAM CINEMA