ഒറ്റമന്ദാരം

 

               ഒരു പൂവുപോലെ മനോഹരിയും  നിഷ്കളങ്കയുമായ ഒരു പെൺകുട്ടി

 

 

 

          

    പതിനഞ്ചാം വയസ്സിൽ വിവാഹിതയും ഒരു കുഞ്ഞിൻറെ അമ്മയും തുടർന്ന് വിധവയുമാകേണ്ടി വരുന്ന ഒരു പെൺകുട്ടിയുടെ ജീവിത ദുരന്തങ്ങളുടെ ചലച്ചിത്ര ആവിഷ്കാരമാണ് വിനോദ് മങ്കര സംവിധാനം ചെയ്യുന്ന ഒറ്റമന്ദാരം.

 

    കലയും (ഭാമ) നീലയും (സജിത മഠത്തിൽ) സഹോദരിമാരാണ്. നീലയെ വിവാഹം ചെയ്തുകൊണ്ടാണ് ഭരതൻ (നന്ദു) കുടുംബത്തിലേക്ക് കടന്നു വരുന്നത്. അന്ന് അനുജത്തി കല കൈക്കുഞ്ഞായിരുന്നു. ഭരതന് അവൾ മകളെപ്പോലെയാണ്, അവൾക്ക് അയാൾ പിതൃതുല്യനും. വർഷങ്ങൾ കഴിഞ്ഞിട്ടും ഭരതനും നീലയ്ക്കും കുട്ടികളുണ്ടായില്ല. പക്ഷെ കുറവ് അവർ അറിയാതിരുന്നത് കലയുടെ സാന്നിദ്ധ്യം കൊണ്ടായിരുന്നു.

 

    കലയ്ക്ക് ഇപ്പോൾ പതിന്നാല് വയസ്സ്. പഠിക്കാൻ മിടുക്കി. അവൾക്ക് ജീവിതത്തെക്കുറിച്ച് അവളുടേതായ സ്വപ്നങ്ങളും ലക്ഷ്യങ്ങളുമുണ്ട്. പക്ഷെ നീല ദു:ഖിതായിരുന്നു. തങ്ങളുടെ കുടുംബം നിലനിർത്തിക്കൊണ്ട് പോകാൻ ഒരു അനന്തരാവകാശിയില്ല എന്ന സത്യത്തിന് മുന്നിൽ നീല ഒരു തീരുമാനമെടുത്തു. തൻറെ ഭർത്താവിന് തൻറെ അനുജത്തിയിൽ ഒരു കുഞ്ഞുണ്ടാവണം. കലയെയും ഭരതനേയും തകർക്കുന്നതായിരുന്നു തീരുമാനം. പക്ഷെ അവർക്ക് അതിന് വഴങ്ങേണ്ടി വന്നു. അങ്ങനെ താൻ പിതൃതുല്യനായി കണ്ടിരുന്ന ആളിൽ നിന്നും ഗർഭം ധരിക്കുകയാണ് കല. പക്ഷെ താൻ മകളെപോലെ കണ്ട പെൺകുട്ടിക്കൊപ്പം ശയിക്കേണ്ടി വന്നതിൻറെ മാനസ്സിക സംഘർഷം സഹിക്കാൻ കഴിയുന്നതിനും അപ്പുറമായിരുന്നു ഭരതന്.

 

    ഒടുവിൽ കല ഒരു കുഞ്ഞിനു ജന്മം നല്കുന്നതിന് മുമ്പ് തന്നെ ഭരതൻ മരണപ്പെട്ടു. അകാലത്തിലുള്ള വൈധവ്യവും പ്രസവവും കലയെ തളര്‍ത്തിക്കളഞ്ഞു. തുടർന്ന് ജീവിതത്തിൻറെ കനൽ വഴികളിലൂടെ കടന്നു പോകേണ്ടി വരുന്ന കലയുടെ ജീവിത കഥയാണ് ഒറ്റമന്ദാരം.

 

    ആന്ധ്രാ പ്രദേശിലെ ഒരു ഉൾനാടൻ ഗ്രാമത്തിൽ നടന്ന യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി നിർമ്മിക്കുന്ന ഒറ്റമന്ദാരത്തിലെ കഥാപാത്രങ്ങൾ ഭാമയ്ക്കും നന്ദുവിനും വെല്ലുവിളി നിറഞ്ഞതും എന്നും ഓർമ്മയിൽ സൂക്ഷിക്കാവുന്നതുമാണ്.

 

    രചന അജയ് മുത്താന. ചായാഗ്രഹണം ഉദയൻ അമ്പാടി. സംഗീതം രമേശ് നാരായണൻ. ഗാനരചന വിനോദ് മങ്കര. സുജാത, വിജയ് യേശുദാസ്, ശ്വേത മോഹൻ, മധുശ്രീ നാരായണൻ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

 

    നെടുമുടി വേണു, കൊച്ചു പ്രേമൻ, നാരായണൻ നായർ, ലിഷോയ്, സാബു തിരുവല്ല, സതിഷ് വെട്ടിക്കവല, കുളപ്പുള്ളി ലീല, കോഴിക്കോട് ശാരദ, അശ്വതി നായർ, ശ്രീകുട്ടി, രുഗ്മിയമ്മ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

 

    തിരുനൽവേലിയാണ്  ചിത്രത്തിൻറെ ലൊക്കേഷൻ. 

 

  

 

 

 

BACK TO MALAYALAM CINEMA