കൂതറ

 

                           വ്യത്യസ്ത രൂപത്തിലും ഭാവത്തിലും മോഹൻലാൽ

 

 

 

          

    പ്രേക്ഷകമനസ്സിൽ പല തരത്തിലുള്ള പ്രതിഫലങ്ങൾ സൃഷ്ടിക്കാവുന്ന ഒരു പേരാണ് 'കൂതറ'. തെറ്റിദ്ധരിക്കേണ്ട, സെക്കണ്ട് ഷോ എന്നാ ശ്രദ്ധേയ ചിത്രത്തിന് ശേഷം ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന സിനിമയിലെ പ്രധാന കഥാപാത്രങ്ങളായ കൂബ്രിൻ ആൻറണി, തരു, റാം എന്നിവരുടെ പേരുകളിലെ ആദ്യാക്ഷരങ്ങൾ കൂട്ടിച്ചേർത്താണ്  'കൂതറ' എന്ന ടൈറ്റിൽ സൃഷ്ടിച്ചിരിക്കുന്നത്.

 

    പുതുതലമുറയുടെ വികാര വിചാരങ്ങൾക്ക് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രത്തിൻറെ കഥാ പശ്ചാത്തലം ഒരു കോളേജ് കാമ്പസും പിന്നെ തീര പ്രദേശവുമാണ്. ഒരു എൻജിനീയറിംങ്ങ്  കോളേജിലെ വിദ്യാർത് ഥികളാണ്  കൂബ്രിൻ ആൻറണിയും (തമിഴ്നടൻ ഭരത്), തരുണും (ടോവിനോ തോമസ്‌) റാമും (സണ്ണി വെയിൻ). യുവത്വത്തിൻറെ ചോരത്തിളപ്പിൽ, എന്തിനും ധൈര്യം ലഭിക്കുന്ന അന്തരീക്ഷത്തിൽ അവരുടെ ചില പ്രവൃത്തികൾ അതിരുകൾ ലംഘിക്കുമ്പോൾ, മൂവരും കോളേജിന് പുറത്താക്കപ്പെടുകയാണ്.

 

    ആ പുറത്താക്കലിലൂടെ മൂന്നു എൻജിനിയർമാരുടെ ഭാവി തന്നെയാണ് ഇരുട്ടിലായത്. ജീവിതത്തിൽ പ്രതീക്ഷകൾ നശിച്ച ഇവർ ചെന്നെത്തുന്നത് ഒരു കടൽ തീരത്താണ്. അവിടെ അവർ ഒരാളെ പരിചയപ്പെടുന്നു - കൊളമ്പി എന്ന് വിളിപ്പേരുള്ള ഉസ്താദ് ബാലിയെ (മോഹൻലാൽ). രൂപത്തിലും ഭാവത്തിലും സംസാരത്തിലുമെല്ലാം വ്യത്യസ്തത പുലർത്തുന്ന കൊളമ്പി ഒരു ഫിഷിംഗ് ബോട്ടുടമയാണ്. കൊളമ്പി ഇവരുടെ ജീവതത്തിൻറെ ഒരു ഭാഗമാകുകയാണ്. അതവർക്ക് സമ്മാനിക്കുന്നത്  പുതിയ അനുഭവങ്ങളാണ്. അവയുടെ രസകരവും ഒപ്പം ഉദ്യോഗജനകവുമായ ആവിഷ്കാരമാണ് കൂതറ.

 

    ഭാവന, ജനനി അയ്യർ, ഗൗതമി നായർ, മധുരിമ ബാനർജി, ശ്രിത ശിവദാസ്  എന്നിവർ നായികമാരാകുന്ന ചിത്രത്തിൽ ബാബുരാജ്, സുനിൽ സുഖദ, ശശി കലിംഗ, രഞ്ജിനി, ഊർമിളാ ഉണ്ണി എന്നിവരും അഭിനയിക്കുന്നു.

 

    മരിക്കാർ ഫിലിംസിൻറെെ ബാനറിൽ ഷാഹുൽ ഹമീദ് മരിക്കാറും മിൻഹാൽ മുഹമ്മദ് അലിയും ചേർന്ന് നിർമ്മിക്കുന്ന കൂതറയുടെ രചന നിർവ്വഹിച്ചത് വിനിൽ വിശ്വലാലാണ്. ഛായാഗ്രഹണം പപ്പു. ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ഹരിനാരായണൻ എന്നിവരുടെ വരികൾക്ക് സംഗീതം നൽകിയത് ഗോപി സുന്ദർ, തകര ബാൻറ്. വിതരണം യു ടി വി മോഷൻ പിക്ചേഴ്സ്.

 

  

 

 

 

BACK TO MALAYALAM CINEMA