BEWAREOFDOGS

 

                                          ശല്യക്കാരായ നാൽവർ സംഘം

 

 

 

          

   

    നാല് ചെറുപ്പക്കാർ. ബുദ്ധിയുണ്ടെങ്കിലും ബുദ്ധിമുട്ടാൻ താല്പര്യമില്ലാത്ത നാല് പേർ. ഇവർ ഒരു നഗരത്തിൽ എത്തുകയാണ്. പക്ഷെ ഇവരുടെ ജീവിതം മറ്റുള്ളവർക്ക് ഏറെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇവരെ സൂക്ഷിക്കണം എന്ന മുന്നറിയിപ്പുണ്ട് ബിവേയർ ഓഫ് ഡോഗ്സ്.

 

    ഡൊമിനിക്ക്, ഓമനക്കുട്ടൻ, ഗൗതം, സണ്ണി - എന്നിവരാണ് ആ നാല് പേർ. ഇവരുടെ പേരുകളുടെ ആദ്യക്ഷരങ്ങൾ ചേർത്തുണ്ടാക്കിയ വിശേഷണമാണ് 'ഡോഗ്സ്'. ഇവർ എത്തുന്നത് റിട്ട.ഹെഡ്മാസ്റ്റർ തുളസീധരൻ പിള്ളയുടെ (സുനിൽ സുഗത) വീടിൻറെ മുകൾ നിലയിലെ വാടകക്കാരായിട്ടാണ്. ഒരാഴ്ച്ചത്തേക്ക്  എന്ന് പറഞ്ഞാണവർ വീടെടുത്തതെങ്കിലും പിന്നീടവർ ഒഴിഞ്ഞ് പോകാത്ത അവസ്ഥയായി.

 

    ക്രമേണ ഇവർ അയൽവാസികൾക്കും നാട്ടുകാർക്കും ഒരു ശല്യമായി മാറി. പ്രത്യേകിച്ച് തുളസീധരൻ പിള്ളയ്ക്ക്. കാരണം അയാളുടെ ഭാര്യയും മകളും സുന്ദരിമാരായിരുന്നു. ഈ നാൽവർ സംഘത്തെ പുറത്താക്കാൻ എത്ര ശ്രമിച്ചിട്ടും തുളസീധരൻ പിള്ളയ്ക്ക് കഴിഞ്ഞില്ല.

 

    ഒരിയ്ക്കൽ നഗരത്തിലെ തിരക്കുള്ള റോഡിൽ വച്ചുണ്ടായ ഒരു പ്രശ്നത്തിൽ അകപ്പെട്ട ഈ നാൽവർ സംഘത്തിന് നാട്ടിൽ പിടിച്ച് നിൽക്കാൻ വയ്യാത്ത അവസ്ഥയായി. തൽക്കാലം ഒളിച്ചോടുക എന്നതല്ലാതെ മറ്റ് മാർഗ്ഗങ്ങൾ അവരുടെ മുമ്പിൽ ഉണ്ടായിരുന്നില്ലല. അവർക്ക് പോകാൻ ഒരു സ്ഥലമേ ഉണ്ടായിരുന്നുള്ളൂ - പോണ്ടിച്ചേരി. ഉമ്മൻ എന്ന അവരുടെ ഒരു സുഹൃത്ത് ഉണ്ട് അവിടെ. പോണ്ടിച്ചേരിയിലെത്തിയ നാൽവർ സംഘത്തെ കാത്തിരുന്നത് നാട്ടിൽ അവർ അഭിമുഖീകരിച്ചതിനേക്കാൾ വലിയ പ്രശ്നങ്ങളാണ്. അത് പരിഹരിക്കാതെ അവർക്ക് മുന്നോട്ട് പോകാൻ കഴിയുമായിരുന്നില്ല

 

    ശ്രീനാഥ് ഭാസി, ശേഖർ മേനോൻ, സഞ്ജു, വിൽസ ജോസഫ്  എന്നിവരാണ് ഡോഗ്സ് ആകുന്നത്. മനോജ് കെ. ജയൻ, ഹരികൃഷ്ണരാജ്, സിംഹ(നേരം ഫെയിം), അവന, അഭിരാമി സുരേഷ്, ടി. പാർവതി എന്നിവരാണ് മറ്റ് അഭിനേതാക്കൾ

 

    ഒറിസ ക്രിയേഷൻസിൻറെ ബാനറിൽ ആർ. രാജീവ് മേനോൻ നിർമ്മിക്കുന്ന ബിവെയർ ഓഫ് ഡോഗ്സിൻറെ രചനയും സംവിധാനവും നിർവ്വഹിച്ചത് വിഷ്ണുപ്രസാദാണ്. ഛായാഗ്രഹണം മഹേഷ് രാജ്. റഫീഖ്  അഹമ്മദ്, നെല്ലൈ ജയന്ത് എന്നിവരുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ബിജിബാൽ. വിതരണം മുരളി ഫിലിംസ് റിലീസ്.      

         

 

 

  

 

 

 

BACK TO MALAYALAM CINEMA